Nirmmala hrudayanmaarkken daivam ethra

നിർമ്മല ഹൃദയന്മാർക്കെൻ ദൈവം എത്ര

നല്ലവനതിനില്ലൊരു വാദംഎന്നാൽ

ദുർമ്മതികൾ സുഖികളായ് തീരുവതിലിടറിയെ-

ന്നുള്ളം തിരതുല്യം

 

വേദനകൾ ലേശമവർക്കില്ല ദേഹ

മാകവേ തടിച്ചുരുണ്ടു വല്ലാത്തതാൽ

മാലയായി ഡംഭം ധരിച്ചതിതരാം ഞെളിയുന്നി

തമ്പോ ബഹു വൻപർ

 

പുഷ്ടിയാലുന്തിന കൺകളില്ലേ? അവർ

ക്കിഷ്ടമെല്ലാം സാധിച്ചിടുന്നില്ലേ? ഞാനോ

കുറ്റമില്ലായ്മയിലെന്റെ കൈകളെ കഴുകിയതു

വ്യർത്ഥം തീരെ വ്യർത്ഥം

 

ഇങ്ങനെ ചിന്തിച്ച മൗഢ്യചിന്ത പുറ-

ത്തൊന്നുരപ്പാൻ തുനിഞ്ഞെങ്കിലെന്തായിടും?

തുംഗതരമായ ദ്രോഹം പിൻതലമുറയ്ക്കുണ്ടാക്കി തീർക്കും

ദോഷം ചേർക്കും

 

കൗതുകത്തോടിവരുടെ ഭാവി ചിന്തി-

ച്ചീയിവനീശാന്തികത്തിൽ മേവി അപ്പോൾ

യാഹി വരെ വഴുതലിൽ നിർത്തിയിരിപ്പതായ് ബോധ-

മാർന്നു മോഹം തീർന്നു

 

നിന്നടുക്കലിരിപ്പു ഞാനീശാ ഭവാ-

നെൻ വലംകൈ പിടിക്കുന്നു കൂശാതിവൻ

നിൻ വിശിഷ്ടാലോചനയാൽ നന്മയിൽ നടന്നു വാനിൽ

ചേരും ക്ലേശം തീരും

 

സ്വർപുരിയിൽ നിന്നെയൊഴിഞ്ഞാരുള്ളെനി-

ക്കാഗ്രഹിപ്പാൻ പാരിലും വേറാരുള്ളതാൽ

സുസ്ഥിരമാം പാറയുമെൻ സ്വത്തുമഖിലേശാ! നീ

മാത്രം തവ സ്തോത്രം

 

നിന്നോടകന്നിടുന്നവർ പോക്കാണവർ

സംഹരിക്കപ്പെടും തിരുവാക്കാലെന്നാൽ

നിന്നോടടുത്തിരുക്കും ഞാൻ നിൻ നുതികൾ മുഴക്കുംനീ

വന്ദ്യൻ സർവ വന്ദ്യൻ!