Kaarunyakkadale karalaliyaname

കാരുണ്യക്കടലേ കരളലിയണമേ

കാത്തുകൊള്ളണമേയടിയനെ ദിനവും

 

കൈകളാൽ താങ്ങി നടത്തുകെന്നെ നീ

കൈവരും ബലമെനിക്കാധികൾ നീങ്ങി

 

ഘോരപിശാചിൻ ക്രൂരത കലരും

പാരിൽ നിന്നുടയ പാദമെൻ ശരണം

 

ഊറ്റമായടിക്കും കാറ്റിലെൻ പടകിൽ

ഏറ്റവും സുഖമായ് യാത്ര ചെയ്തിടുവാൻ

 

എന്നും നിൻ വചനം എന്നുടെയശനം

ആക്കി ഞാനനുദിനം പാർക്കുവാൻ നൂനം

 

ആകുലചിന്തകളേറിടും നേരം

ആകവേ നിൻമേലാക്കി വിശ്രമിപ്പാൻ

 

ക്ഷീണതയകന്നും ന്യൂനത നികന്നും

ക്ഷോണിയിൽ നിൻജനം കാണുവാനെന്നും

 

ഈ മരുഭൂമിയിൽ നീ മതി സഖിയായ്

ആമയം നീങ്ങി ക്ഷേമമായ് വസിപ്പാൻ.