Daivame nee kaivedinjo

ദൈവമേ നീ കൈവെടിഞ്ഞോ

കാൽവറിയിൽ നിൻസുതനെ

താനുറക്കെ കേണിടുന്നു പ്രാണനെ വെടിഞ്ഞിടുന്നു

 

ഏകയാഗം മൂലമാർക്കും

ഏകുവാനായ് മോക്ഷമാർഗ്ഗം

ലോകപാപമാകവേ നീ

ആക്കി തന്മേൽ നിഷ്കാരുണ്യം

 

പാപമറിയാത്തവനെ

ഞാനവനിൽ ദൈവനീതി

ആകുവതിന്നായെനിക്കായ്

പാപമാക്കിതീർത്തോ ദേവാ!

 

മൃത്യുവിൽ നിന്നെന്റെ പ്രാണൻ

വീഴ്ചയിൽ നിന്നെന്റെ കാൽകൾ

കണ്ണുനീരിൽ നിന്നു കൺകൾ

നിർണ്ണയം വിമോചിപ്പാനായ്

 

എൻവിലാപം നൃത്തമാകാൻ

എന്റെ രട്ടഴിഞ്ഞുപോകാൻ

സന്തതം സന്തോഷമേകാൻ

സ്വർഗ്ഗനാടെൻ സ്വന്തമാകാൻ

 

പാർത്തലത്തിലെത്രകാലം

പാർത്തിടും ഞാനത്രനാളും

കീർത്തിച്ചിടും സ്തോത്രം ചെയ്യും

വാഴ്ത്തിപ്പാടും ഹല്ലേലുയ്യാ!